Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്റെ പിന്‍വാതിലിന്റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
District News
ചാരുംമൂട്: ആനയടി പൂരവുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെയും മറ്റു സംഘടനകളുടെയും ആഭിമുഖ്യത്തിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ ആനകൾക്ക് നൽകിയ വരവേൽപ്പിനിടയിൽ ഓൾട്ടറേഷൻ വരുത്തിയ കാറിന്റെ അപകടകരമായ അഭ്യാസത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഉടമയും കാർ ഓടിച്ച ആളും അറസ്റ്റിലായി.
വാഹനം ഓടിച്ച കൊട്ടാരക്കര എസ്എൻ പുരം പവിത്രേശ്വരം വലിയ വിളവീട്ടിൽ ശബരീനാഥ്, കാർ ഉടമയായ കുന്നത്തൂർ പോരുവഴി പ്രശാന്തിയിൽ മാളവിക എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ മാവേലിക്കര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളികുന്നം കടുവിനാൽ മുറിയിൽ കണ്ണങ്കരവീട്ടിൽ അനിൽകുമാറിന്റെ കാലിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
National
നോയിഡ: പ്രണയദിനത്തിൽ യുവതിയെ കാറിനുള്ളിൽ വച്ച് വെടിവച്ച് കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39ലാണ് സംഭവം.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശി സുമിത്, നോയിഡയിൽ ജോലി ചെയ്യുന്ന രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറിനുള്ളിൽ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിയിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞ് അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ചു. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.
പ്രേമ തോംഗ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നുവെന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ല. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറഞ്ഞു.
Kerala
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്.
ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
National
ഭോപാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മധ്യപ്രദേശ് ദേവാസ് ജില്ലയിൽനിന്ന് കാണാതായ ലക്ഷിത ചൗധരി-22 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിലായിരുന്ന യുവതിയുടെ സുഹൃത്ത് മനോജ് ചൗഹാൻ പോലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്ന് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ ലക്ഷിത തിരികെ വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസിൽ ഒരാള്‍ പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്സണ്‍(31) ആണ് പിടിയിലായത്.
ആസ്യ എന്ന സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസ്യയുടെ മാല കവരുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരവേ പ്രദേശവാസിയായ യുവാവിനെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്സണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടാമനെ പിടികൂടാനായിട്ടില്ല.
അതേസമയം ആസ്യയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത സ്വര്‍ണമാല പോലീസിന് ലഭിച്ചിട്ടില്ല. ഇത് പേരാമ്പ്രയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായി സൂചനയുണ്ട്.